ചവറ: ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നതോടെ കടലി ൽ ഇറങ്ങാൻ തയാറായി രണ്ടായി രത്തോ ളം ബോട്ടുകൾ. ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചാണ് ബോട്ടുകള്‍ കടലിലേക്ക് പോകുന്നത്.
ഇന്ന് രാത്രി 12 ന് ജില്ലാ ഭരണകൂടം, ഫിഷറീസ്, കോസ്റ്റല്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നീണ്ടകര പാലത്തിന് താഴെ കുറുകെ കെട്ടിയിട്ടുള്ള ചങ്ങല നീക്കും. തുടര്‍ന്ന് ബോട്ടുകള്‍ കടലിലേക്ക് മത്സ്യബന്ധനത്തിനായി പോയി തുടങ്ങും. ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ നിന്നായി രണ്ടായിരത്തോളം ബോട്ടുകളാണ് ട്രോളിംഗ് നിരോധനം തീരുന്നതോടെ ചാകര തേടി കടലില്‍ പോകാന്‍ തയാറെടുത്ത് നില്‍ക്കുന്നത്.
കേരളത്തിന് പുറത്തുള്ള തൊഴിലാളികളും തിരികെ ബോട്ട് യാടുകളിലും ഹാര്‍ബറുകളിലും എത്തിയിട്ടുണ്ട്. ഏകദേശം 10000 ത്തോളം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ബോട്ടുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങള്‍ ഡീസല്‍ പമ്പുകള്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തി നല്‍കിയിരുന്നു. നീണ്ടകര, ശക്തികുളങ്ങര കേന്ദ്രീകരിച്ചുള്ള ഐസ് പ്ലാന്റുകളുടെ പ്രവര്‍ത്തനവും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തുടങ്ങി.
ഒരു ദിവസത്തെ പണിക്കും ഒരാഴ്ചത്തെ പണിക്കും പോകുന്ന ബോട്ടുകള്‍ ഇന്ന് തന്നെ കടലില്‍ പോയി തുടങ്ങും. ലേലക്കാര്‍, ചുമട്ടുകാര്‍, മത്സ്യ വില്പനക്കാര്, ഏജന്റ്മാര്‍ എന്നിവരെക്കൊണ്ട് നാളെ മുതല്‍ ഹാര്‍ബറുകള്‍ നിറയും.
ട്രോളിംഗ് നിരോധനം ഉണ്ടായിരുന്നുവെങ്കിലും നീണ്ടകര ഹാര്‍ബറില്‍ ഈ കാലയളവില്‍ പരമ്പരാഗത വള്ളങ്ങള്‍ കൊണ്ടുവന്ന മത്സ്യം വിപണനം നടത്തിയിരുന്നു.